Thursday 3 May 2007

വിജയിയുടെ നീതി

നേരം പുലറ്ന്നപ്പോള് ഒരു ആക്രോശം.

"ഞാ൯ വിജയി. ഞാ൯ പറയുന്നതു ന്യായം. ഞാ൯ ചെയ്യുന്നത് നീതി."

അവകാശ സം‌ര്ക്ഷക൪ സടകുടഞ്ഞെണീറ്റു. എതി൪പ്പ്. പ്രകടനം. ബഹളം. കാഹളം. യുദ്‌ധം. എങ്ങും അരക്ഷിതാവസ്ഥ. കുചേല൯ ഒന്നും കാര്യമാക്കിയില്ല. നാളെകളെക്കുറിച്ച് ചിന്തിക്കാറില്ലെങ്കിലും ഇന്നലെകളാണ് നാളെകളായി പുന൪ജ്ജ്൯മം കൊള്ളുന്നത് എന്ന് കുചേലനറിയാം. മ൪ദ്ദിതനായിരിക്കെ ന്യായം പ്രസം‌ഗിക്കാ൯ എളുപ്പം. കഷ്ട്പ്പാടിലെ ദൈവസ്മരണ പോലെ. ന്യായത്തില് വിശ്വാസമുണ്ടോ? ഭരണത്തിലിരിക്കേ ന്യായം പറഞ്ഞവ൪ എത്രയുണ്ട്.

സമാധാനത്തടെ ഉറങ്ങി. എഴുന്നേറ്റപ്പോള് പിന്നെയും അതേ ആക്രോശം. സ്വരത്തിനു മാത്രം മാറ്റം. ഇന്നലെ ന്യായത്തെ പ്രസവിച്ചവ൯ ഇന്നതിന്റെ കഴുത്ത് ഞെരിക്കുന്നു.

---------------

ഭരണാധികാരിയും പ്രജയും തമ്മിലൊരു കേസ്. കേസ് കോടതിയില് എത്തി. കക്ഷികള് ആഗതരായി. അധികാരിയെ കണ്ട മാത്ര ജഡ്ജി എഴുന്നേറ്റു നിന്നു. ആദരം. അടുത്ത നിമിഷം. ആ ജഡ്ജിയെ കേസിന്റെ ചുമതലയില് നിന്ന് നീക്കിക്കൊണ്ട് അധികാരി ഉത്തരവായി. കക്ഷികളോട് ഒരു പോലെ ബഹുമാനം കാണിക്കാത്ത ജഡ്ജിക്കെങ്ങിനെ ന്യായപൂ൪വ്വം വിധി പറയാം?

അത് പണ്ട്. 1500 വ൪ഷങ്ങള്ക്കപ്പുറം പുണ്യപ്രവാചകന്റെ ചരിത്രം. പണ്ട് കടന്നു പോയ ആ ഇന്നലെകള്ക്ക് എന്നാണ് പുന൪ജ്ജ൯മം?

Sunday 29 April 2007

കുചേലന്റെ യാത്ര

യാത്ര കുറെ ചെന്നിരിക്കുന്നു. ഒരല്‌പം വിശ്രമം. ഇനിയും നടക്കാനെത്ര ദൂരം? ഏതു ദിക്ക്? കുചേലന്‌ ഭാണ്ഡ്മഴിച്ചു. ഭാര്യ കൊടുത്തയച്ച പൊതിച്ചോറ്. നടുക്ക് ഉപ്പുനാരങ വച്ച് ചുറ്റും ചോറ് വച്ച് പായലിലയില് പൊതിഞ്ഞ ഒനിഗിരി. ജപ്പാന്‌കാരുടെ പ്രിയ ഭക്ഷണം.

ഭാണ്ഡം വീണ്ടും കെട്ടാന്‌ നേരമായി. കുറെ നാളായി പേറുന്ന ഭാണ്ഡം. പണ്ട് അത് മടിശ്ശീലയിലൊരു പൊതിയായിരുന്നു. പിന്നെ കയ്യിലൊരു കെട്ടായി. പിന്നെയും അത് വലുതായി. എന്തൊക്കെയാണതിലിന്ന്‌. ഭദ്രമായിക്കൊണ്ടു നടക്കുന്ന കടലാസുകെട്ടുകള്. പഴന്തുണി. ആഗ്രഹങ്ങള് സാധിച്ചു തരുന്ന അത്ഭുത വിളക്ക്‌. പവിഴമുത്തുകള്.

കുചേലന് ആഗ്രഹങ്ങളില്ലാഞ്ഞിട്ടല്ല. ആഗ്രഹിക്കാന് പേടിയാണ്. ഇന്നലെ നടന്ന രണ്ടടിയും ഇന്ന് നടന്ന രണ്ടടിയും കൂടിയാല് നാലടിയെമന്ന കണക്കു കുചേലനറിയാം. നാളെ നടക്കുന്ന രണ്ടടിയും കൂടെ കൂടിയാല് കണക്ക് തെറ്റി. അവിടെ കുചേലന് കണക്ക് അറിയില്ല എന്ന് നിങ്ങള് വിചാരിക്കും. നാളത്തെ രണ്ടടി കുചേലനെ ഭയപ്പെടുത്തുന്നു.

നാളെ എന്ന കണക്ക് ആകാശത്തിലെ നക്ഷത്രങ്ങള് പോലെയാണ്. ഉയരത്തില്. ഒരിക്കലും എത്താനാവാത്തത്ര ഉയരത്തില്‌‌. എത്തിയവരെയാരെയും കുചേലന് പരിചയം ഇല്ല. ഒന്നുകില് എന്നോ കത്തിത്തീറ്ന്ന ഒരു മണ്ണാങ്കട്ടയുടെ നിഴലായിരുന്നു ആ വെളിച്ചമെന്ന് അറിഞ്ഞ് മടങ്ങി വന്നവരാകാം. അല്ലെങ്കില് തീക്കുണ്ടില് എരിഞ്ഞടങ്ങിയിട്ടുണ്ടാവാം.

നക്ഷത്രങ്ങളെക്കാളും പൊടിമണ്ണാണ് കുചേലന് ഇഷ്ടം. ഭം‌ഗിയില്ലെങ്കിലും കാപട്യമില്ലാത്ത പൊടിമണ്ണ്. രാവും പകലും നിറം മാറാത്ത, മഴയ്ക്കും വെയിലിനും മീതെയല്ലാത്ത പൊടിമണ്ണ്. പിറന്ന് വീണപ്പോള് ചോരയൊപ്പിയ മണ്ണ്. പൊരിവെയിലത്ത് നടന്നപ്പോള് പരിവേദനങ്ങളില്ലാതെ വിയറ്പ്പേറ്റ് വാങ്ങിയ മണ്ണ്. എപ്പോഴെന്നറിയാത്ത നാളെ താന് അലിഞ്ഞ് ചേരേണ്ട മണ്ണ്.